
കരിങ്ങാച്ചിറ: സെന്റ്ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമാക്കി പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ പ്രഖ്യാപിച്ചു. കരിങ്ങാച്ചിറ കത്തീഡ്രല്‍ ഇടവക പാത്രിയര്‍ക്കീസ് ബാവയ്ക്ക് സമര്‍പ്പിച്ച ഉടമ്പടിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണിത്. പൗലോസ് മോര് അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനലബ്ധിയുടെ പ്ലാറ്റിനം ജൂബിലിയും ഇതോടൊപ്പം ആഘോഷിച്ചു. ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരിങ്ങാച്ചിറ കത്തീഡ്രലിനെ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമാക്കിക്കൊണ്ടുള്ള പാത്രിയര്‍ക്കീസ് ബാവയുടെ കല്പന പാത്രിയര്‍ക്കാ പ്രതിനിധി ബേയ്റൂട്ട് ആര്‍ച്ച്ബിഷപ്പ് ദാനിയേല്‍ മോര് ക്ലിമ്മീസ് വായിച്ചു. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര് ഗ്രീഗോറിയോസ്, എം.പിമാരായ പി.സി. ചാക്കോ, പി. രാജീവ്, ജോസ് കെ. മാണി, എം.എല്‍.എമാരായ കെ. ബാബു, എം.ജെ. ജേക്കബ്, എം.എം. മോനായി, ടി.യു. കുരുവിള, സാജു പോള്‍, ബാബു പോള്‍, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്, കണിയാമ്പറമ്പില്‍ കുര്യന് കോറെപ്പിസ്കോപ്പ, തമ്പു ജോര്‍ജ് തുകലന്‍, ജോര്‍ജ് മാത്യു തെക്കേത്തലയക്കല്, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ എട്ടിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ ഒമ്പതിന്മേല് കുര്‍ബാന നടന്നു. പാത്രിയര്‍ക്കാ പ്രതിനിധി ബേയ്റൂട്ട് ആര്‍ച്ച്ബിഷപ്പ് ദാനിയേല്‍ മോര് ക്ലിമ്മീസ് സഹകാര്മികാനായിരുന്നു.