കൊച്ചി: സഭയോടുള്ള സര്‍ക്കാറിന്റെ നീതിനിഷേധത്തിനെതിരെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സെക്രട്ടേറിയറ്റ് ഉപവാസം നടത്തുന്നു. 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വായമൂടിക്കെട്ടി ഉപവാസ സമരം നടത്തുമെന്ന് കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭി .കുര്യാക്കോസ് മാര്‍ യൗസേബിയോസ്, തൃശ്ശൂര്‍ ഭദ്രാസനം മെത്രാപ്പോലീത്ത അഭി.ഏലിയാസ് മാര്‍ അത്തനാഷ്യോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നോമ്പുകാലങ്ങളിലും ദുഃഖവെള്ളി, ഉയിര്‍പ്പ് ദിനങ്ങളിലും പള്ളികള്‍ അടഞ്ഞുകിടക്കുന്നത് അനുവദിക്കാനാകില്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും ലഭിക്കുന്ന അവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും അവഗണിച്ച് യാക്കോബായ സഭയ്ക്ക് മാത്രം ആരാധന നിഷേധിക്കുകയാണ്. പള്ളികള്‍ പൂട്ടുവാനും സമരങ്ങള്‍ നടത്തുവാനും മെത്രാന്‍കക്ഷി വിഭാഗത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുന്നു.
മാമലശ്ശേരിയില്‍ 264 ദിവസം ആരാധനാസ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നടത്തിയ യാക്കോബോയ സഭയോട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീതിപൂര്‍വമായ നടപടികള്‍ ഉണ്ടായില്ല.
ആലുവ തൃക്കുന്നത്ത് പള്ളിയിലും വെട്ടിത്തറ, മണ്ണത്തൂര്, മാമലശ്ശേരി, കണ്യാട്ടുനിരപ്പ്, ഞാറയ്ക്കല്‍ എന്നീ പള്ളികളിലും സഭാവിശ്വാസികള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. 17ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും പിറവം കേന്ദ്രീകരിച്ച് പ്രതിഷേധ സമ്മേളനം നടത്തുമെന്നും സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീതിപൂര്‍വമായ സമീപനം ഉണ്ടായില്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ കോട്ടയത്ത് വിശ്വാസികളുടെ സമ്മേളനം നടത്തും. അവിടെവച്ച് അനന്തര നടപടികളും സഭയുടെ നിലപാടും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ സഭാ സെക്രട്ടറി ജോര്‍ജ് മാത്യു, പി.എസ്. ഷാനു, എ.എം.രാജു, മോന്‍സി വാവച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment