'ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടും ക്ഷമിക്കേണമേ..ക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയാണിത്. സ്വര്‍ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ഥന. ചെയ്തു പോയ തെറ്റുകള്‍ക്കു ക്ഷമ ചോദിച്ചു സര്‍വശക്തനായ ദൈവത്തോടു പ്രാര്‍ഥിക്കുവാന്‍ യേശു പഠിപ്പിച്ചു. ചെയ്തു പോയ തെറ്റുകളെ ഒാര്‍ത്തു പശ്ചാത്താപിക്കാനും ദൈവത്തിലേക്കു തിരിച്ചു പോകാനുമുള്ള അവസരമാണ് നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും പ്രകടനം. പരിശുദ്ധാത്മാവിനാല്‍ ശക്തി പ്രാപിക്കാന്‍ നാല്‍പതു രാവും നാല്‍പതു പകലും യേശു മരുഭൂമിയില്‍ ഉപവസിച്ചു. ആ മഹനീയ മാതൃക പിന്തുടരുകയാണു നോമ്പുകാലത്ത് സഭ ചെയ്യുന്നത്.
നോമ്പിനു തലേന്ന് പേത്തുര്‍ത്ത ആചരിക്കുന്നു. വിട പറയല്‍ എന്നാണ് ഇൌ വാക്കിന്റെ അര്‍ഥം. എല്ലാ ആഘോഷങ്ങളില്‍ നിന്നും വിടപറഞ്ഞു നോമ്പുകാലത്തിലേക്കു കടക്കുന്നു എന്നു സൂചിപ്പിക്കുന്ന ദിനം.
ഏറ്റവും കൃത്യമായും കര്‍ശനമായും അനുഷ്ഠിക്കേണ്ട അമ്പതു നോമ്പ് യേശുവിന്റെ കൂടെ വസിക്കാനുള്ള ദിവസങ്ങളാണ്. ഉപവസിക്കുക എന്നാല്‍ 'കൂടെ വസിക്കുക എന്നാണ് അര്‍ഥം. പ്രാര്‍ഥനയ്ക്കും ഉപവാസത്തിനുമൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നോമ്പുകാലത്തു പ്രാധാന്യമുണ്ട്. കര്‍ത്താവിന്റെ പുതുജീവനില്‍ പങ്കുപറ്റണമെങ്കില്‍ ജീവിതചാപല്യങ്ങളെ മാറ്റി നിര്‍ത്തി ഉപവാസത്തിലൂടെയും പശ്ചാത്താപത്തിലൂടെയും തെറ്റുകള്‍ക്കു പരിഹാരം ചെയ്തു ജീവിതവിശുദ്ധി നേടേണ്ടിയിരിക്കുന്നു.
ശാരീരികമായും മാനസികമായും ഉപവസിക്കണമെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.യേശുവിന്‍റെ കൂടെ വസിക്കാനും തീവ്രമായി പ്രാര്‍ഥിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആരാധനയ്ക്കും സമയം കണ്ടെത്തുവാനും നോമ്പുകാലത്തു ശ്രദ്ധിക്കണം. നോമ്പുകാലം യേശുവിന്റെ പെസഹാരഹസ്യത്തിലുള്ള പങ്കുചേരലാണ്. അവിടുത്തെ പീഡാനുഭവത്തെ കുറിച്ചുള്ള ഒാര്‍മകളും ചിന്തകളും നമ്മുടെ കുരിശുവഹിക്കാന്‍ നമ്മെ പ്രാപ്തരാക്കും.
അമ്പതു നോമ്പ് എന്നു അറിയപ്പെടുന്നെങ്കിലും 49 ദിവസമാണ് നോമ്പിനുള്ളത്. ഇതില്‍ തന്നെ വലിയ ആഴ്ചയിലെ ഏഴു ദിവസവും ആദ്യത്തെ ആഴ്ചയിലെ ഞായറും കര്‍ത്താവ് ലാസറിനെ ഉയര്‍പ്പിച്ചതിനെ അനുസ്മരിക്കുന്ന ഒാശാന ഞായറിന്റെ തലേന്നും ഒഴിച്ചു നിര്‍ത്തി നാല്‍പതു ദിവസം മാത്രമാണ് പൌരസ്ത്യരുടെ ഇടയില്‍ നോമ്പുകാലം. ഒാശാന ഞായര്‍ മുതല്‍ ദുഃഖ ശനി വരെയുള്ള ദിവസങ്ങള്‍ ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ദിനങ്ങളാണെങ്കിലും നോമ്പുകാലം കണക്കാക്കുമ്പോള്‍ വലിയ ആഴ്ച ഉള്‍പ്പെടുത്തിയിട്ടില്ല.
No comments:
Post a Comment