പിറവം: പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചെക്കില്‍ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് അസോസിയേഷന്‍ പിറവം എസ്.ബി.റ്റി യ്ക്കു മുമ്പില്‍ പ്രതിക്ഷേധയോഗം നടത്തി. പള്ളിയിലെ വികാരിയും ട്രസ്റിമാരും ഒപ്പിട്ട ചെക്കില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യാനുസരണം ഫാ.സ്കറിയ വട്ടക്കാട്ടില്‍ വികാരിയാണന്ന വ്യാജ സീല്‍ പതിപ്പിച്ചു ബാങ്കിലെ ഉദ്യോഗസ്ഥന്‍ നല്‍കിയതില്‍ പ്രതിക്ഷേധിച്ചാണ് യോഗം നടത്തിയത്.
ജില്ലാക്കോടതിയില്‍ നടക്കുന്ന പള്ളികേസില്‍ ഫാ.സ്കറിയ വട്ടക്കാട്ടില്‍ വികാരിയാണന്നു തെളിയിക്കുന്നതിനാണ് ഓര്‍ത്തഡോക്സ് വിഭാഗം ബാങ്ക് ഉദ്യോഗസ്ഥനെ സ്വാധീനിച്ച് വ്യാജരേഖ ഉണ്ടാക്കിയത്. പള്ളി ഭരണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് മാനേജര്‍ സംഭവം അന്വേഷിക്കുകയും ഉദ്യേഗസ്ഥന്‍ ചെക്കില്‍ കൃത്രിമം കാണിച്ചതായി തെളിയുകയും ചെയ്തു. എന്നിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതില്‍ യോഗം പ്രതിക്ഷേധിച്ചു.
സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേയും ബാങ്കിലെ ഉദ്യോഗസ്ഥനെതിരേയും, ബാങ്കിലെ സുരക്ഷാക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വെസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍ പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഫാ.സന്തോഷ് തെറ്റാലില്‍, സഭ മാനേജിംഗ് കമ്മിറ്റി അംഗം ജോണ്‍ വെള്ളൂക്കാട്ടില്‍, ട്രസ്റി മത്തായി തേക്കുംമൂട്ടില്‍, സെക്രട്ടറി ദിപു പാലയക്കന്‍, ബേബി കിഴക്കേക്കര, സാജു കുറ്റിവേലില്‍, തോമസ് മണപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment