ഡോ. ഗീവർഗീസ് മോർ കൂറീലോസ്
(യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത)
ക്രൈസ്‌തവ സഭകളിലെ ഏറ്റവും പ്രധാനപ്പെട്ട പെരുന്നാളാണ് ഈസ്‌റ്റര്. ഫാ. ബോബി ജോസ് കട്ടിക്കാട് 'മൂന്നാം പക്കം' എന്ന ഗ്രന്ഥത്തിൽ പറയുന്നതുപോലെ മൂന്നു ദിവസത്തെ വിശ്രമത്തിനുശേഷം ഏതു നന്മയും ഉയർത്തെഴുന്നേൽക്കും എന്നതാണ് ഈസ്‌റ്ററിന്റെ സന്ദേശം.
1992 മുതൽ 1995 വരെ ഇംഗ്ലണ്ടിലെ കാന്റർബറിയിലെ കെന്റ് സർവകലാശാലയിൽ ഡോക്‌ടറേറ്റ് ചെയ്‌യുന്പോഴാണ് ആദ്യമായി ഈസ്‌റ്റർ മുട്ടകളും ഹോട്ട് ക്രോസ് ബണ്ണും ഒക്കെ കാണുന്നത്.
പെയിന്റ് ചെയ്‌ത മുട്ടകൾ സമ്മാനമായി നൽകുന്നത് ഈസ്‌റ്റർ ദിനത്തിൽ അവിടെ പതിവാണ്. രണ്ടു വ്യാഖ്യാനങ്ങളാണ് പ്രധാനമായും ഈ ആചാരത്തിനു നൽകുന്നത്. ഈസ്‌റ്ററിനു മുന്പുള്ള നോന്പുദിനങ്ങളിൽ വർജിച്ചിരുന്ന മുട്ട എന്ന വിഭവം നോന്പിനു ശേഷം ജീവിതത്തിലേക്കു മടങ്ങിവരുന്നു. മുട്ടയിൽ ജീവൻ അടങ്ങിയിരിക്കുന്നതിനാൽ മുട്ടയുടെ തോടു പൊളിച്ച് കുഞ്ഞ് പുറത്തുവരുന്നതുപോലെ കബറു പൊളിഞ്ഞ് യേശു പുറത്തുവന്നു.
ഒരുവർഷം ഇംഗ്ലണ്ടിലെ ഈസ്‌റ്റർ ആഘോഷങ്ങൾ കഴിഞ്ഞ് കുറേ ദിവസത്തിനുശേഷം സൈപ്രസിൽ അന്തർദേശീയ കോൺഫറൻസിനു പോയപ്പോൾ ഈസ്‌റ്റർ ആഘോഷിക്കാൻ സാധിച്ചു. അവിടുത്തെ പ്രധാന ആഘോഷം പള്ളിയങ്കണങ്ങളിലും കലാലയാങ്കണങ്ങളിലും നടത്തുന്ന ക്യാന്പ് ഫയറുകളാണ്. ഏറ്റവും കൂടുതൽ തടി കൂട്ടി ഏറ്റവും വലിയ തീജ്വാല കൂട്ടുന്നതു മത്സരബുദ്ധിയോടെയാണ്. യേശുവിനെ ഒറ്റുകൊടുത്ത യൂദയുടെ പ്രതീകമായി പാവ ഉണ്ടാക്കി തീജ്വാലയിൽ എറിയുന്നതും ഈ ആചാരത്തിന്റെ ഭാഗമാണ്.
ഈസ്‌റ്റർ മർദിതരുടെ പ്രത്യാശയാണ്. യേശുക്രിസ്‌തുവിനെപ്പോലെ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളുന്നതുകൊണ്ട് പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്‌യുന്നവർക്ക് ആത്യന്തിക വിജയം ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഈസ്‌റ്ററിന്റെ സാമൂഹിക സന്ദേശം.
കോഴിക്കോട്ടു ഞങ്ങളുടെ കുട്ടികളുടെ 'തീരം കലാവേദി' സ്‌റ്റേജ് ഷോ നടത്തുന്പോൾ മാനസിക വെല്ലുവിളി നേരിടുന്ന ഒരു ആൺകുട്ടിയുടെ അമ്മ എന്റെ അടുത്തുവന്ന് അവരുടെ സങ്കടങ്ങൾ പങ്കുവച്ചു. ഏകജാതനായ മകന്റെ പ്രത്യേക സ്വഭാവം മനസിലാക്കാൻ കഴിയാതെ ജനങ്ങൾ അവനെ പരിഹസിക്കുന്നതും ശകാരിക്കുന്നതും ശിക്ഷിക്കുന്നതും തുപ്പുന്നതും കണ്ട് സഹികെട്ട ആ അമ്മ എന്നോടു പറഞ്ഞു. ''മകന്റെ കഷ്‌ടപ്പാടുകളും നിന്ദയും പരിഹാസവും പെറ്റമ്മയായ എനിക്കു സഹിക്കാവുന്നതിനപ്പുറത്താണ്. അതുകൊണ്ടു ദൈവമേ, ഞാൻ മരിക്കുന്നതിനു മുൻപ് എന്റെ ഈ മകനെ അങ്ങു തിരികെ എടുക്കണമേ എന്നാണു ഞാൻ പ്രാർഥിക്കുന്നത്. ഞാൻ ആദ്യം മരിച്ചാൽ മകന്റെ ഗതി എന്താകും? അവനെ ആരു നോക്കും?''
അമ്മ ആദ്യം മരിച്ചാൽ അമ്മയുടെ മകനെ ഞങ്ങൾ ഏറ്റെടുത്ത് സ്‌നേഹം നൽകി വളർത്തുമെന്നു പറഞ്ഞ് ഞാൻ അവരെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ബാലനിൽ ഒരു യേശു ജീവിക്കുന്നില്ലേ? ആ മകനെച്ചൊല്ലി കരയുന്ന അമ്മയിൽ 'നിന്റെ ഹൃദയത്തിൽ കൂടി ഒരു വാൾ കടന്നുപോകും' എന്ന് അറിയിക്കപ്പെട്ട ഒരു മറിയം ഇല്ലേ? ഇവർക്ക് എന്നാണ് ഈസ്‌റ്റർ ദിനം വരിക? ഈസ്‌റ്റർ അർഥവത്തായ ഒരനുഭവമായി എല്ലാവർക്കും മാറട്ടെ.
എല്ലാവർക്കും ഈസ്‌റ്റർ പെരുന്നാളിന്റെ മംഗളങ്ങൾ.
No comments:
Post a Comment