പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശു ക്രിസ്തു യഹൂദ ആചാരമനുസരിച്ച് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്റെ ഓര്‍മ്മയാണ് അന്ന് ക്രൈസ്തവര്‍ ആചരിക്കുന്നത്. എളിമയുടെയും സ്നേഹത്തിന്റെയും നിദര്‍ശനമായി അവിടുന്നു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ് പെസഹാ ഭക്ഷിച്ചത്. യേശു ക്രിസ്തു വിന്റെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ഇതിനെ അന്ത്യ അത്താഴമെന്നും വിളിക്കുന്നു.
പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശു ക്രിസ്തു യഹൂദ ആചാരമനുസരിച്ച് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്റെ ഓര്‍മ്മയാണ് അന്ന് ക്രൈസ്തവര്‍ ആചരിക്കുന്നത്. ഏളിമയുടെയും സ്നേഹത്തിന്റെയും നിദര്‍ശനമായി അവിടുന്നു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ് പെസഹാ ഭക്ഷിച്ചത്. യേശു ക്രിസ്തു വിന്റെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ഇതിനെ അന്ത്യ അത്താഴമെന്നും വിളിക്കുന്നു.
യഹൂദ ആചാരമായ പെസഹാ ഭക്ഷണത്തിന് യേശു ക്രിസ്തു പുതിയ മാനം കൊടുത്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം താന്‍ കുരിശില്‍ ബലിയാകുമെന്നറിയാമായിരുന്ന ക്രിസ്തു പെസഹാ അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ എന്ന ക്രിസ്തുവിന്റെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട് ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി ഇതു മാറുകയും ചെയ്തു.
എന്നാല്‍ പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങ്നളില്‍ ഇന്നും ഈ അപ്പം മുറിക്കല്‍ നടത്തുന്നുണ്ട്. അതിനായി പ്രാര്‍ത്ഥനാപൂര്‍വ്വം അവര്‍ പാകം ചെയ്യുന്ന അപ്പത്തെ ഇണ്ടറി അപ്പം എന്നു വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ് വിളിക്കുന്നത്. സാധാരണയഅയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ് പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പെസഹാ ഭക്ഷണത്തിന് ഉണ്ടാക്കുന്ന അപ്പം കല്‍ത്തപ്പം എന്നും അറിയപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ ഈ വിഭവം അടിയിലും, മുകളിലും തീകത്തിച്ചു പൊരിച്ചാണ് ഉണ്ടാക്കിയിരുന്നത്. അടയുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്‌തമായിട്ടാണ് ഇതുണ്ടാക്കുന്നത്. അടയുണ്ടാക്കുന്നതിന് അടുപ്പില്‍ മാത്രമേ തീ കത്തിക്കൂ. കല്‍ത്തപ്പം ഉണ്ടാക്കാന്‍ അപ്പമുണ്ടാക്കുന്ന ഉരുളിക്കു മുകളില്‍ വറകലം വച്ച് അതില്‍ വിറകും ഇട്ടു കത്തിച്ചാണ്. ഇങ്ങിനെ ചുട്ടെടുക്കുന്ന അപ്പമായതിനാലാണ് കല്‍ത്തപ്പം എന്ന പേരു വന്നത്. കുരിശപ്പം എന്ന പേരു വന്നത് ഓശാന ഞായറാഴ്‌ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ ഈ അപ്പത്തിനു മുകളില്‍ വയക്കുന്നതിനാലാണ്.
( എന്നാല്‍ സുറിയാനി ഓര്‍ത്തഡോക്‍സ് പാരമ്പര്യത്തില്‍ കുരുത്തോല പെസഹ പെരുന്നാളിന് എടുക്കാറില്ല . പകരം വാഴയില മുറിച്ച കഷണം ആണ് ഉപയോഗിക്കുന്നത്. കുരുത്തോല പരിപാവനമായി കരുതി അടുത്ത ക്രിസ്ത്മസ് ശുശ്രൂഷ വരെ വീടുകളില്‍ സൂക്ഷിക്കുന്നു. ക്രിസ്ത്മസ് ശുശ്രൂഷക്ക് ഈ കുരുത്തോല പള്ളിയില്‍ കൊണ്ട് പോകുന്നു ).
പെസഹാ തിരുന്നാളില്‍ ഉണ്ടാക്കുന്നതു കൊണ്ടു പെസഹാ അപ്പമെന്നും ചില സ്ഥലങ്ങളില്‍ പുളിയാത്തപ്പം എന്നും ഈ വിഭവത്തെ വിളിക്കാറുണ്ട്.
ഇതുണ്ടാക്കുന്നതും വിഭജിച്ചു ഭക്ഷിക്കുന്നതും അതീവ ഭക്തിയോടെയാണ്. അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, ഉഴുന്ന്, വെളുത്തുള്ളി, ജീരകം മുതലായവ ഗുണനിലവാരമുള്ളതായിരിക്കണം. സാധന സാമഗ്രികള്‍ നേരത്തെ ഒരുക്കി വയ്‌ക്കാറുണ്ടെങ്കിലും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുത്തു കുമ്പസാരിച്ചു, വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു, വീടും പരിസരവും വൃത്തിയാക്കിയ ശേഷമാണ് പാകം ചെയ്യുക. ചിലപ്പോള്‍ സന്ധ്യയ്‌ക്കു മുമ്പു തന്നെ ഇതു പാകം ചെയ്‌തു വയ്‌ക്കും. വളരെ പവിത്രമായിട്ടാണു പാകം ചെയ്‌തതിനു ശേഷം ഇതു സൂക്ഷിക്കുക.
പെസഹാ ഭക്ഷണത്തിനുള്ള പാല്‍ തയ്യാറാക്കുന്നതും അതീവ സൂക്ഷമതയോടെ തന്നെ. പാലുണ്ടാക്കാന്‍ പുത്തന്‍ കലവും തവിയും ഉണ്ടാകും. അല്ലെങ്കില്‍ ഈ ആവശ്യത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന തവിയും, കലവും ശ്രദ്ധയോടെ സൂക്ഷിക്കും. തേങ്ങാപ്പാലും, തേങ്ങാവെള്ളവും. ശുദ്ധജലവും നിലവാരമുള്ള ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണ് പാല്‍. കേരളീയ പശ്ചാത്തലത്തില്‍ ഏറ്റവും നിര്‍മ്മലമായി കരുതപ്പെടുന്ന തേങ്ങയും, തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കുന്നതു പെസഹാതിരുന്നാളില്‍ ഉണ്ടാക്കുന്ന പാലിന്റെ പാവനതയെ സൂചിപ്പിക്കുന്നു. കുടംുബത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയ്‌ക്കും, അത്താഴത്തിനും ശേഷം കുടുംബത്തിലെ സ്‌ത്രീകള്‍ പാല്‍ തയ്യാറാക്കുമ്പോള്‍ പുരുഷന്മാര്‍ യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളുമായി ബന്ധപ്പെട്ട സുവിശേഷ വിവരണങ്ങളോ, പീഡാനുഭവവുമായി ബന്ധപ്പെട്ട ആത്മീയ കൃതികളോ ഉറക്കെ വായിക്കുന്നു. ഉറക്കെ വായിക്കുന്നതു വിഭവം തയ്യാറാക്കുന്ന സ്‌ത്രീകളും ഇതു ശ്രദ്ധിക്കുന്നതിനാണ്.
ചില പ്രത്യേകതകള്‍
1. അപ്പം മുറിക്കല്‍ അഥവാ പെസഹാ ഭക്ഷണം പൂര്‍ണ്ണമായും ഭവനങ്ങളിലായിരുന്നു നടത്തിയിരുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് പ്രസ്തുത കര്‍മ്മത്തിന്റെ കാമ്മികന്‍. ഓരോ ഭവനത്തിലും ഭവനാംഗങ്ങള്‍ മുഴുവനും ബന്ധുക്കളും അയല്‍പക്കക്കാരും പങ്കെടുക്കുന്നു. ഒരു ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ് അടുത്ത ഭവനത്തില്‍ എന്ന രീതിയിലാണ് ഇത് നടത്തുന്നത്. മുതിര്‍ന്നവരും കുഞ്ഞുങ്ങളുമടക്കം എല്ലാവരും കാല്‍നടയായി ഓരോ ഭവനത്തിലുമെത്തി നടത്തുന്ന അപ്പം മുറിക്കല്‍ നസ്രാണികള്‍ക്ക്, മാര്‍ത്തോമ്മ മാര്‍ഗ്ഗത്തിന്റെ അഘോഷവും പ്രഘോഷണവുമാണ്. പെസഹാ വ്യാഴം രാത്രി മുഴുവനും ഉറങ്ങാതെ നടത്തുന്ന ഈ കര്‍മ്മം അന്ത്യാത്താഴത്തിനു ശേഷം യേശുക്രിസ്തു ഗത്സമെനിയില്‍ പ്രാര്‍ത്ഥനാനിരതനയി ചിലവഴിച്ചതിന്റെ അനുസ്മരണം കൂടിയാണ്.
2. ഭവനങ്ങളില്‍ നിന്നാരെങ്കിലും പ്രസ്തുത വര്‍ഷം മരിച്ചു പോയിട്ടുണ്ടെങ്കില്‍ അവിടെ കുരിശപ്പം പുഴുങ്ങുന്ന പതിവില്ല. ആ ഭവനങ്ങളില്‍ മുറിക്കാനുള്ള കുരിശപ്പം അടുത്ത ഭവനങ്ങളില്‍ നിന്നു കൊണ്ടു വരികയും അഘോഷങ്ങളില്ലാതെ അതു മുറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വരെ തങ്ങളോടൊപ്പം അപ്പം മുറിക്കാനും പാലുകുടിക്കാനുമുണ്ടായിരുന്ന പരേതരോടുള്ള ആദര സൂചകമായി ഈ രീതിയെ കാണാവുന്നതാണ്. കുരിശപ്പത്തിന്റെ പങ്കു വയ്ക്കല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.
3. പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം കുരിശപ്പമാണ്. അപ്പം പുഴുങ്ങുക എന്നാണ് കുരിശപ്പം ഉണ്ടാക്കുന്നതിനേക്കുറിച്ചു പറയുക. ഭയ ഭക്തി ബഹുമാനത്തോടെയുള്ള ഒരു കര്‍മ്മം തന്നെയാണ് അപ്പം പുഴുങ്ങല്‍. വലിയ നോമ്പുകാലം മുഴുവന്‍ നടത്തി വരുന്ന ഉപവാസവും പ്രാര്‍ത്ഥനയും ഇതിനായുള്ള ഒരു അകന്ന ഒരുക്കമാണെന്നു പറയാം. വീടിന്റെ മുറ്റമടിച്ച്, മുറികള്‍ കഴുകി വൃത്തിയാക്കി, കുളിച്ച് സ്വയം ശുദ്ധീകരിച്ചാണ് അപ്പം പുഴുങ്ങാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക. പുതിയ പാത്രങ്ങളിലാണ് ( അല്ലെങ്കില്‍ ഈ കര്‍മ്മത്തിനു വേണ്ടി മാത്രം വര്‍ഷങ്ങളായുപയോഗിക്കുന്ന പാത്രങ്ങളില്‍) അപ്പം പുഴുങ്ങുക. നിലത്തു വിരിച്ചിരിക്കുന്ന പായയില്‍ മുട്ടുകുത്തി നിന്നാണ് കുടുംബങ്ങളിലെ സ്ത്രീകള്‍ ഇത് തയ്യാറാക്കുന്നത്. മാവു പുളിക്കുന്നതിനുമുന്‍പ് അപ്പം പുഴുങ്ങുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.
4: തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത് ചൂടാക്കിയെടുക്കുന്നതാണ് പാല്‍ എന്ന വിഭവം. ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയില്‍ പാലിലും ഇടുന്നു. പാലു കാച്ചാനുള്ള പാത്രങ്ങളും ഇളക്കാനും വിളമ്പാനുമുള്ള തവികളും കോപ്പകളും പാലു കാച്ചുമ്പോഴും ഭവനത്തില്‍ അനുഷ്ഠിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വ്വമായ നിശബ്ദത വളരെ പ്രശംസനീയമാണ്.
5: പെസഹാ വ്യാഴാഴ്ച, പള്ളിയിലെ പരിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും കഴിഞ്ഞു വന്നിട്ടാണ് അപ്പം മുറിക്കല്‍ നടത്തുക. നിലത്തു പായ വിരിച്ച് അതില്‍ എല്ലാവരും നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ് അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തില്‍ മുതിര്‍ന്ന പുരുഷന്മാര്‍ ഇല്ലെങ്കില്‍ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായം ചെന്ന പുരുഷനെ അപ്പം മുറിക്കാന്‍ ക്ഷണിക്കുന്നു.അപ്പം മുറിക്കുന്ന ആള്‍ കൈകള്‍ കഴുകി മുട്ടുകുത്തി നിന്ന് സ്ലീവാ അടയാളം വരച്ച ശേഷം കുരിശപ്പം മുറിച്ച് മുതിര്‍ന്നവര്‍ തുടങ്ങി ഒരോരുത്തര്‍ക്കായി നല്‍കുന്നു. എല്ലാവരും പ്രാര്‍ത്ഥനയോടെ രണ്ടു കൈകളും നീട്ടി അപ്പം വാങ്ങുന്നു. എല്ലാവര്‍ക്കും നല്‍കിയ ശേഷം അപ്പം മുറിച്ചയാള്‍ അപ്പം ഭക്ഷിക്കുന്നു. തുടര്‍ന്നു മറ്റുള്ളവരും. ഇതേ ക്രമത്തില്‍ തന്നെ പാലും സ്വീകരിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വാഴപ്പഴങ്ങളും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്. പെസഹായ്ക്കു പഴുപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക വാഴക്കുലകള്‍ മാറ്റി നിറുത്തുന്ന പതിവ് നസ്രാണികള്‍ക്കുള്ളതാണ്. നിശബ്ദരായി ഭയഭക്തികളോടെയാണ് മുതിര്‍ന്നവരും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ ഈ ശുശ്രൂഷയില്‍ പങ്കു ചേരുക. ഒരു തരി അപ്പമോ ഒരു തരി പാലോ നിലത്തു പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. പ്രസ്തുത കാര്യം കുഞ്ഞുങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
No comments:
Post a Comment