പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിക്ക് മുന്നില്‍ യാക്കോബായ സഭ നടത്തിയിരുന്ന പ്രാര്‍ത്ഥനായജ്ഞത്തിനും പുരോഹിതന്‍ ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നിരാഹാര പ്രാര്‍ത്ഥനായജ്ഞത്തിനും വിരാമമായി.
ശനിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് ഉപവാസ പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിച്ചത്. യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന് നാരങ്ങാനീര് നല്‍കി. ഇതോടെ ഒമ്പത് ദിവസം പിന്നിട്ട നിരാഹാര യജ്ഞം സമാപിച്ചു.
ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിനെ കോതമംഗലം ബസേലിയോസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മെയ് 15ന് യാക്കോബായ വിഭാഗം ആരംഭിച്ച അഖണ്ഡ പ്രാര്‍ത്ഥനായജ്ഞത്തിനും ഇതോടെ താത്കാലിക വിരാമമായി.
സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം പ്രാര്‍ത്ഥനായജ്ഞം ആരംഭിച്ചത്. പ്രാര്‍ത്ഥനായജ്ഞം അനിശ്ചിതമായി നീണ്ടിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ കഴിഞ്ഞ 25ന് നിരാഹാര പ്രാര്‍ത്ഥനായജ്ഞം ആരംഭിച്ചത്.
നിരാഹാര സമരം ഒമ്പതാം ദിവസത്തിലേയ്ക്ക് കടന്നതോടെ പുരോഹിതന്റെ ആരോഗ്യനില മോശമായിരുന്നു. അതിനിടെയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം മാമ്മലശ്ശേരി പള്ളിക്കേസ് പരിഗണിച്ചത്.
തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ മീഡിയേഷന്‍ സെല്ലിനു വിട്ടിരുന്നു. സമാധാനപരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനാണ് പ്രാര്‍ത്ഥനായജ്ഞം താത്കാലികമായി അവസാനിപ്പിച്ചതെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ അറിയിച്ചു.
തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനാണ് യാക്കോബായ സഭ ആഗ്രഹിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
മെത്രാപ്പോലീത്തമാരായ അഭി.എബ്രഹാം മാര്‍ സേവേറിയോസ്, അഭി.കുര്യാക്കോസ് മാര്‍ യൗസേബിയോസ്, അഭി.ഐസക് മാര്‍ ഒസ്താത്തിയോസ്, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ എന്നിവരും സഭാ മാനേജിങ് സമിതിയംഗങ്ങളും വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും ശനിയാഴ്ച മാമ്മലശ്ശേരിയിലെത്തിയിരുന്നു.
No comments:
Post a Comment