കൊച്ചി: പത്താമത് റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കോതമംഗലത്തിന്റെയും മാര്‍ബേസിലിന്റെയും വിജയഗാഥ. ഇന്നലെ കൊച്ചിയില്‍ സമാപിച്ച മീറ്റില്‍ അയല്‍ക്കാരായ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിനെതിരായ പ്രതികാരനിര്‍വൃതിയില്‍ മാര്‍ബേസില്‍ സ്‌കൂള്‍ ചാമ്പ്യന്മാരായാപ്പോള്‍ ഇരുവരുടേയും ചിറകിലേറി കോതമംഗലം വിദ്യാഭ്യാസ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.
എതിരാളികളെ നിഷ്‌പ്രഭമാക്കുന്ന പ്രകടനത്തിലൂടെ 648.5 പോയിന്റ് നേടിയാണ് കോതമംഗലം വെന്നിക്കൊടി നാട്ടിയത്. പരമ്പരാഗത വൈരികളാണെങ്കിലും മാര്‍ ബേസിലും സെന്റ് ജോര്‍ജും കൂടി കോതമംഗലം വിദ്യാഭ്യാസ ജില്ലയ്‌ക്ക് സംഭാവന ചെയ്‌തത് 603.5 പോയിന്റാണ്.
68 പോയിന്റ് മാത്രമാണ് രണ്ടാം സ്‌ഥാനത്തെത്തിയ അങ്കമാലി വിദ്യാഭ്യാസ ജില്ലയ്‌ക്ക് നേടാനായത്. മൂന്നാം സ്‌ഥാനം എറണാകുളം വിദ്യാഭ്യാസ ജില്ലയും(44 പോയിന്റ്) നാലാം സ്‌ഥാനം പിറവം വിദ്യാഭ്യാസ ജില്ലയും(30 പോയിന്റ്) സ്വന്തമാക്കി. 13 വിദ്യാഭ്യാസ ജില്ലകള്‍ പങ്കെടുക്കത്ത മീറ്റില്‍ ഒമ്പത് വിദ്യാഭ്യാസ ജില്ലകള്‍ക്കും പോയിന്റ് നിലയില്‍ ഇരുപതു കടക്കാനായില്ല.
സ്‌കൂള്‍ വിഭാഗത്തില്‍ 337 പോയിന്റ് നേടിയാണ് മാര്‍ ബേസില്‍ മീറ്റിലെ ജൈത്രയാത്ര അവസാനിപ്പിച്ചത്. 266.5 പോയിന്റ് നേടിയാണ് സെന്റ് ജോര്‍ജ് രണ്ടാമതെത്തിയത്. മൂന്നാംസ്‌ഥാനത്തുള്ള സേക്രട്ട് ഹാര്‍ട്ട് എച്ച്.എസിന്റെ നേട്ടം 34 പോയിന്റാണ്. പിറവം എം.കെ.എം.എച്ച്.എസ്. 10 പോയിന്റ് നേടി നാലാംസ്‌ഥാനത്തെത്തി. ഒമ്പത് പോയിന്റ് നേടി തുറവൂര്‍ മാര്‍ അഗസ്‌റ്റിന്‍ എച്ച്.എസ്, എട്ട് പോയിന്റ് നേടി മാണിക്കമംഗലം മാര്‍ അഗസ്‌റ്റിന്‍ എച്ച്.എസ്. യഥാക്രമം അഞ്ചും ആറും സ്‌ഥാനങ്ങള്‍ നേടി.
കഴിഞ്ഞ വര്‍ഷം സബ്‌ജില്ലാ മീറ്റില്‍ 112 പോയിന്റിനും ജില്ലാ മീറ്റില്‍ 60 പോയിന്റിനും സംസ്‌ഥാന മീറ്റില്‍ അര പോയിന്റിനും ഇക്കുറി സബ് ജില്ലാ മീറ്റില്‍ 14 പോയിന്റിനും തങ്ങളെ പിന്നിലാക്കിയ സെന്റ് ജോര്‍ജിനെതിരായ മധുരപ്രതികാരമായി മാര്‍ബേസിലിന്റെ വിജയം. അടുത്താഴ്‌ച ആരംഭിക്കുന്ന സംസ്‌ഥാന സ്‌കൂള്‍ മീറ്റില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സെന്റ് ജോര്‍ജിന് ശക്‌തമായ വെല്ലുവിളികൂടിയായി ഇത്.
വ്യക്‌തിഗത നേട്ടത്തിലും മാര്‍ബേസില്‍ ശക്‌തികാട്ടി. മെഡല്‍ നേടിയതില്‍ ഒമ്പതുപേരില്‍ എട്ടുപേരും മാര്‍ ബേസിലിന്റെ താരങ്ങളാണ്. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ജിജിന്‍ വിജയന്‍, എസ്. അഭിലാഷ്(10 പോയിന്റ്), സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ആതിര മുരളീധരന്‍, അനില്‍ഡാ തോമസ്(13 പോയിന്റ്), ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ അരുണ്‍ തങ്കച്ചന്‍(13 പോയിന്റ്) ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സാന്ദ്രാ സത്യന്‍(11 പോയിന്റ്), സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ അമല്‍ പി. രാഘവ്, ബിബിന്‍ ജോര്‍ജ്(11 പോയിന്റ്) എന്നിവരാണ് മാര്‍ ബേസിലിന്റെ വ്യക്‌തിഗത ചാമ്പ്യന്മാര്‍.
വൈകുന്നേരം നടന്ന സമാപനചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
No comments:
Post a Comment