കോതമംഗലം: അനുഗ്രഹ വര്‍ഷം ചൊരിയുന്ന പരി.എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ
കബറിടം വണങ്ങാന്‍ കരിവീരന്മാരും തീര്‍ഥാടകരായി എത്തി. തീര്‍ഥാടന വഴിയില്‍
ഇക്കുറി ആദ്യം കടന്നു വന്നത് കന്നിക്കാരനായ ഇരമാല്ലൂര്‍ വട്ടെക്കാടന്‍
അയ്യപ്പനാണ്. പിന്നാലെ പറവൂര്‍ തത്തപ്പള്ളി മാനാടി കണ്ണനും ,ഒടുവില്‍
പ്രദക്ഷിണ വഴിയിലെ പഴമക്കാരനായ തോട്ടത്തികുളം ഗോപാലനും അനുഗ്രഹം
തേടിയെത്തി. മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങാതെ മുത്തപ്പന്റെ അനുഗ്രഹം
തേടിയെത്തുന്ന ഗോപാലന്‍,ജീവിത യാത്രയില്‍ എവിടെയാണങ്കിലും മാര്‍ത്തോമാ
ചെറിയ പള്ളിയിലെ കണ്ണി 20 പെരുന്നാളിന് നാട്ടില്‍ എത്തിച്ചേരുന്ന
പതിവുണ്ട്. അത് ഇക്കുറിയും തെറ്റിച്ചില്ല.
പറവൂരില്‍ നിന്ന് രണ്ടു നാള്‍
മുന്‍പ് ലോറിയില്‍ ഇരമല്ലൂരിലുള്ള ഒന്നാം പാപ്പാന്‍ കുന്നത്തുകുടി
അനിയന്റെ ഭാവനാങ്കണത്തില്‍ എത്തിയ മാനാടി കണ്ണന് , ഇത് കബര്‍വണക്കം
രണ്ടാമൂഴമായിരുന്നു. പരിശുദ്ധ എല്ടി മോര്‍ ബസേലിയോസ് ബാവായുടെ 326-
ഓര്‍മ്മ പെരുന്നാളിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ ശ്രേഷ്ഠ ബസേലിയോസ്
പ്രഥമന്‍ കാതോലിയ്ക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ
കുര്‍ബ്ബാനയ്ക്ക് ശേഷമായിരുന്നു കരിവീരന്മാരുടെ കബര്‍ വണക്കം. പള്ളിയ്ക്ക്
ചുറ്റും പ്രദക്ഷിണം വച്ച ശേഷം പൂമുഖത്തെത്തിയ ആനകള്‍ പരിശുദ്ധ എല്‍ദോ
മോര്‍ ബസേലിയോസ് ബാവായുടെ കബറിടത്തിന് അഭിമുഖമായി നിന്ന് മൂന്നു വട്ടം
കുമ്പിട്ടു. തുടര്‍ന്ന് പാപ്പാന്മാര്‍ വച്ച് നീട്ടിയ കാണിയ്ക്ക ആനകള്‍
അനുസരണയോടെ വാങ്ങി നേര്‍ച്ചപെട്ടിയില്‍ നിക്ഷേപിച്ചു. അനുഗ്രഹം തേടിയെത്തിയ
ആനകളുടെ നെറുകയില്‍ വികാരി ഫാ. എല്‍ദോസ് കാക്കനാട്ട് , കബറിന് മുന്നിലെ
കെടാവിളക്കില്‍ നിന്നുള്ള എന്നാ ലേപനം ചെയ്തു ആശിര്‍വദിച്ചു. തുടര്‍ന്ന്
പാച്ചോറും പഴവും ശര്‍ക്കരയും നല്‍കി. സഹ വികാരിയും ,
ട്രസ്റ്റിമാരും,മാനേജിംഗ് കമ്മിറ്റിയംഗങ്ങളും ആനകള്‍ക്ക് മധുരം
നല്‍കി.ഭക്തിയുടെ നിറവില്‍ നടന്ന കരിവീരന്മാരുടെ കബര്‍ വണക്കം കാണാന്‍
ആയിരക്കണക്കിന് വിശ്വാസികള്‍ അവിടെ തടിച്ചു കൂടിയിരുന്നു.
പെരുന്നാളിന് കൊടിയിറങ്ങിയിട്ടും നാനാദിക്കുകളില്‍ നിന്നും തീര്‍ഥാടക
ലക്ഷങ്ങള്‍ പള്ളിയിലേയ്ക്ക് പ്രവഹിക്കുകയാണ്. പെരുന്നാള്‍ ദിനങ്ങളില്‍
കാല്‍നടയായും അല്ലാതെയും 5 ലക്ഷം വിശ്വാസികള്‍ എത്തിച്ചേര്‍ന്നു എന്നാണു
കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തിക്കും തിരക്കും
ഏറിയിരുന്നെങ്കിലും പോലീസ് ഏര്‍പ്പെടുത്തിയിരുന്ന കുറ്റമറ്റ സുരക്ഷ
ക്രമീകരണങ്ങള്‍ തീര്‍ഥാടകര്‍ക്ക് അനുഗ്രഹമായി.
No comments:
Post a Comment