കൊച്ചി: ഡല്‍ഹിയിലെ ആഡംബര ആശുപത്രിയുടെ അകത്തളത്തിലാണ് ആദ്യ തീപ്പൊരി വീണത്. വൈകാതെ ആ തീപ്പൊരി ഡല്‍ഹിയാകെ ആളിപ്പടര്‍ന്നു. ആശുപത്രികളില്‍ സാന്ത്വനത്തിന്റെ പുഞ്ചിരിയുമായെത്തുന്ന മാലാഖമാരുടെ ദൈന്യം ലോകമറിഞ്ഞത് അങ്ങനെ.
തുടര്‍ന്ന് വിവിധ സംസ്‌ഥാനങ്ങളില്‍ നഴ്‌സുമാര്‍ അവകാശസമരത്തിനായി സംഘടിച്ചു. കേരളത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലും അമൃതയിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവറിലും ലേക്‌ഷോറിലുമെല്ലാം നഴ്‌സുമാരുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഇതിനെല്ലാം നേതൃത്വം നല്‍കി, ഡല്‍ഹിയിലെ എന്‍.ജി.ഒ. രംഗത്തെ കര്‍മകുശലതയുമായൊരു വനിത- ഉഷാ കൃഷ്‌ണകുമാര്‍...
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ. കൃഷ്‌ണകുമാറിന്റെ ഭാര്യയായി മാത്രമല്ല ഇന്ന് ഉഷ അറിയപ്പെടുന്നത്. രാജ്യമാകെ പടര്‍ന്ന നഴ്‌സിംഗ് സമരത്തിന് ആദ്യപ്രചോദനമായ സ്വതന്ത്രസംഘടനാ പ്രവര്‍ത്തക എന്ന നിലയ്‌ക്കുമാണ്. നഴ്‌സിംഗ് സമരം എവിടെ നടന്നാലും അവിടെ ഉഷയുണ്ടാകും. കഴിഞ്ഞ മൂന്നു ദിവസമായി അവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്കൊപ്പമാണ്.
പറയാന്‍ ഏറെയുണ്ട് ഉഷയ്‌ക്ക്. ഡല്‍ഹിയിലെ മല്‍ഹോത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രാത്രി ഷിഫ്‌റ്റില്‍ ജോലിചെയ്‌ത മലയാളി നഴ്‌സിനെ ഡോക്‌ടര്‍ പീഡിപ്പിച്ച സംഭവമുള്‍പ്പെടെ. വിവരമറിഞ്ഞ് ഇടപെട്ട ഉഷ ഡോക്‌ടറെ പിരിച്ചുവിടുന്നതുവരെ സമരരംഗത്തുനിന്ന് പിന്മാറിയില്ല. അതായിരുന്നു തുടക്കം. ഈ സംഭവത്തോടെയാണ് ഉഷയുടെ നേതൃത്വത്തില്‍ 'മലയാളി നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍' പിറന്നത്. ഇതോടെ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള നഴ്‌സുമാരും അസോസിയേഷനില്‍ ചേരാന്‍ ഉഷയെ തേടിയെത്തി. അവര്‍ക്കും സംഘടന തണലായതോടെ പേരിലെ 'മലയാളി' ഒഴിവാക്കി പൊതുവേദിയെന്ന നിലയില്‍ 'നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍' നിലവില്‍വന്നു.
ആറ് ആശുപത്രികള്‍ ചേര്‍ന്ന ഡല്‍ഹി മെട്രോ ആശുപത്രിയില്‍ ആറുമാസം മുമ്പേ സമര നോട്ടീസ് കൊടുത്തിട്ടും അധികൃതര്‍ ഗൗനിച്ചില്ല. സമരം തുടങ്ങിയതോടെ മുട്ടുമടക്കിയ മാനേജ്‌മെന്റ്‌് 4500 എന്ന അടിസ്‌ഥാനശമ്പളം 9000 രൂപയായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് ബോണ്ട് വ്യവസ്‌ഥ നീക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടപ്പോള്‍ തിരിച്ചുകിട്ടാനും ശമ്പളവര്‍ധനയ്‌ക്കും മറ്റുമായി ഒട്ടേറെ സമരങ്ങള്‍. മുംബൈയിലും ഹൈദരാബാദിലുമടക്കം വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ സംഘടനയ്‌ക്ക് യൂണിറ്റുകളായി. സ്വതന്ത്ര സംഘടനയായതിനാല്‍ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും പിന്തുണയുണ്ട്.
No comments:
Post a Comment