പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ നിയുക്ത മെത്രാപ്പോലീത്തമാരുടെ വാഴ്ച ജനവരി രണ്ടിന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ അങ്കണത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. എപ്പിസേ്കാപ്പല്‍ സുന്നഹദോസിലാണ് മെത്രപ്പോലീത്ത വാഴ്ചസംബന്ധിച്ച് അന്തിമതീരുമാനമുണ്ടായത്. നിയുക്ത മെത്രാപ്പോലീത്തമാരില്‍ ഒരാളെ ദമാസ്‌കസിലെ പാത്രിയര്‍ക്കേറ്റ് അരമനയില്‍ പാത്രിയര്‍ക്കീസ് ബാവ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തും.വെങ്ങോല ബദ്‌സദായിലെ ഗബ്രിയേല്‍ റമ്പാന്‍, ഫാ. തോമസ് എബ്രഹാം നേര്യന്തറ, വേളൂര്‍, ഫാ. സ്‌കറിയ കൊച്ചില്ലം കുറിച്ചി, ഫാ. ഡോ. ജോമി ജോസഫ് ആലുവ എന്നിവരെയാണ് വാഴിക്കുന്നത്.
മെത്രാപ്പോലീത്ത വാഴ്ചയ്ക്ക് മുന്നോടിയായി ഇന്ന് 2.30ന് നിയുക്ത മെത്രാപ്പോലീത്തമാരെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍വച്ച് ശ്രേഷ്ഠ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ റമ്പാന്‍സ്ഥാനത്തേക്ക് ഉയര്‍ത്തും. ശ്രേഷ്ഠബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.
ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ ഇരുവിഭാഗത്തിനും അനുവദിച്ചിട്ടുള്ള സമയത്ത് വി. കുര്‍ബാന അര്‍പ്പിക്കാനുള്ള ക്രമീകരണം ഉണ്ടാക്കണമെന്ന് സുന്നഹദോസ് ആവശ്യപ്പെട്ടു.

No comments:
Post a Comment