പിറവം: പിറവം നിയോജകമണ്ഡലത്തില്‍ തുടങ്ങി രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ ഭരണാധികാരിയായി തിളങ്ങി ഒടുവില്‍ പിറവത്തുതന്നെ വിലയം പ്രാപിച്ച പ്രിയപുത്രന്‍ ടി.എം. ജേക്കബിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. അത്യന്തം ദുഃഖം നിറഞ്ഞ വാര്‍ത്തയുമായാണ് പിറത്തുകാര്‍ക്ക് തിങ്കളാഴ്ച നേരം പുലര്‍ന്നത്. കേട്ടവര്‍ ആദ്യമൊന്നും അത് വിശ്വസിച്ചില്ല. പകലിന് കനം കൂടിയതോടെ ജേക്കബിന്റെ വേര്‍പാട് ജനങ്ങള്‍ മനസ്സിലേറ്റുവാങ്ങി.
പിന്നീട് ദുഃഖം പങ്കുവയ്ക്കാനുള്ള തിരക്കായിരുന്നു. കേരള കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല ഓഫീസ് മന്ദിരമായ 'കൈരളി'യുടെ മുന്നില്‍ ജേക്കബിന്റെ കൂറ്റന്‍ ചിത്രം അലങ്കരിച്ചുവച്ചു. ചിത്രത്തിന് മുന്നില്‍ കത്തിച്ചുവച്ച നിലവിളക്കും പൂക്കളും ചന്ദനത്തിരിയും. പാര്‍ട്ടി ഓഫീസില്‍ കറുത്ത കൊടി. കറുത്ത ബാഡ്ജ് ധരിച്ച പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയായിരുന്നു.
പിറവം മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഹ്വാനമനുസരിച്ച് വിലാപയാത്ര കൊച്ചിയില്‍ നിന്ന് പുറപ്പെടും മുമ്പുതന്നെ പട്ടണത്തില്‍ കടകമ്പോളങ്ങള്‍ അടച്ചു. ടൗണിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ച സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്കുള്ള പാതയ്ക്കിരുവശത്തുമായി ആയിരങ്ങള്‍ കാത്തുനിന്നു. ഉച്ചതിരിഞ്ഞ് പെയ്ത കനത്ത മഴക്കിടയിലും സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജനം തിങ്ങിനിറഞ്ഞു.
അഞ്ച് മണിക്കൂറിലേറെ വൈകി രാത്രി 8.15ന് ടി.എം. ജേക്കബിന്റെ മൃതദേഹവുമായി, വാഹനവ്യൂഹം സെന്റ് ജോസഫ് ഹൈസ്‌കൂളിലെത്തുമ്പോള്‍, അവിടം ജനസമുദ്രമായി മാറിയിരുന്നു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, കെ.ആര്‍. ഗൗരിയമ്മ, എ.കെ. ബാലന്‍, മുല്ലക്കര രത്‌നാകരന്‍, വി. സുരേന്ദ്രന്‍പിള്ള, എളമരം കരീം, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും നേരത്തെതന്നെ സെന്റ് ജോസഫ് സ്‌കൂളിലെത്തിയിരുന്നു.
ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍, ടി.എമ്മിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം ഇറക്കിവച്ചപ്പോള്‍, നേതാവിന്റെ മുഖം അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ പ്രവര്‍ത്തകരും പോലീസും നന്നേ പാടുപെട്ടു.
No comments:
Post a Comment